തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നിന്ന് മോഷ്ടിച്ച ദേശീയപുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ. സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്കാരം മാത്രമാണ് മോഷ്ടാക്കൾ തിരിച്ചുനൽകിയിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് കാക്ക മുട്ടൈ എന്ന ചിത്രത്തിന്റെ സംവിധായകൻ മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണംപോയത്. ഇതിലെ ദേശീയ പുരസ്കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ നൽകിയത്.
കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. ‘തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ച് നിങ്ങൾക്കുള്ളതാണ്’ എന്നുമാണ് കത്തിന്റെ ഉള്ളടക്കം. അതേസമയം മോഷ്ടാക്കൾ നാടുവിട്ടതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.