India

ബജറ്റ്: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അമരീന്ദർ സിങ്

ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ തഴയുവാനാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സാധാരണക്കാരേയും മധ്യവർഗ്ഗത്തെയും കർഷകരെയും ബജറ്റ് വലിയ രീതിയിൽ അവഗണിക്കുന്നുവെന്നും അമരീന്ദർ സിങ് ആരോപിച്ചു.

”ബി.ജെ.പി സർക്കാരിന്റെ സ്ഥിര അജണ്ടയുടെ പ്രതിഫലനമാണ് ബജറ്റ്. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളെ അരികവൽക്കരിക്കുയാണ് കേന്ദ്ര ബജറ്റിന്റെ ലക്ഷ്യം. സാധാരണക്കാരോടും, മധ്യവർഗത്തോടും, കർഷകരോടും വലിയ രീതിയിലുള്ള അവഗണനയാണ് ബി.ജെ.പി സർക്കാരിന്റെ ബജറ്റ് വെച്ച് പുലർത്തുന്നത്.” അമരീന്ദർ സിങ് പറഞ്ഞു.

”കേന്ദ്രത്തിന്റെ ഫെഡറൽ വിരുദ്ധ മനോഭാവത്തെ കാണിക്കുന്നതാണ് ബജറ്റ്. ചൈനയും പാകിസ്ഥാനും അതിർത്തിയിൽ ചെറുതല്ലാത്ത പ്രതിസന്ധികൾ സൃഷ്ട്ടിച്ചിട്ടും, കേന്ദ്ര ബജറ്റ് പ്രതിരോധ മേഖലയെ കാര്യമായി പരിഗണിച്ചിട്ടില്ല. കോവിഡ് മഹാമാരിയുടെ എല്ലാതരത്തിലുമുള്ള ആഘാതങ്ങൾ നിലനിൽക്കുമ്പോഴും കാര്യമായ നീക്കിവെക്കൽ ആരോഗ്യ മേഖലയിലും നടത്തിയിട്ടില്ല.” അമരീന്ദർ സിങ് കൂട്ടിച്ചേർത്തു. രണ്ട് മാസമായി കൊടും തണുപ്പിൽ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോട് ഒരു രീതിയിലും നീതി പുലർത്തുന്നല്ല ഈ ബജറ്റെന്നും അദ്ദേഹം ആരോപിച്ചു.