India

സമ്പന്നർക്ക് വേണ്ടിയുള്ള ബജറ്റ്; സാധാരണക്കാരന് ഒന്നുമില്ല: പ്രതിപക്ഷം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് സമ്പന്നർക്കുള്ള ബജറ്റാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ. പാവപ്പെട്ടവർക്കും ശമ്പളം വാങ്ങുന്ന സാധാരണക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. “2022 ഓടെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമിക്കുമെന്നാണ് നേരത്തെ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് വരെ രണ്ട് കോടി വീടുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. ഇപ്പോൾ അവർ പറയുന്നു 80 ലക്ഷം വീടുകൾ കൂടി നിർമ്മിക്കുമെന്ന്. എല്ലാ വാഗ്ദാനങ്ങളും പൊള്ളയാണെന്ന് തെളിയുകയാണ്.” – ഖാർഗെ പറഞ്ഞു.

സാധാരണ ശമ്പളക്കാർക്ക് ഒരുവിധ ഇളവും പ്രഖ്യാപിക്കാതെ കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത ഖാർഗെ സർക്കാരിന്റെ ഉറ്റ ചങ്ങാതിമാരായ സമ്പന്നർക്ക് വേണ്ടി മാത്രമുള്ളതാണ് ഈ ബജറ്റെന്നും വിമർശിച്ചു. തൊഴിലവസരണങ്ങൾ ഉൾപ്പെടെ സാധാരണക്കാർക്ക് ബജറ്റിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ഇതൊന്നും സഫലമാക്കാൻ ധനമന്ത്രിക്ക് കഴിഞ്ഞില്ലെന്നും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ്മ പറഞ്ഞു.