ഐഫോണിനെയും പിന്തള്ളിയാണ് ഫോണ്‍ ആമസോണ്‍ വില്‍പ്പനയില്‍ മുന്നിട്ടിരിക്കുന്നത്.
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനിടയിലും ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡ് ആയ വൺ പ്ലസിന്‍റെ പുതിയ സ്മാർട്ട് ഫോണായ ‘വൺ പ്ലസ് 8പ്രോ’ വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍. ഐഫോണിനെയും പിന്തള്ളിയാണ് ഫോണ്‍ ആമസോണ്‍ വില്‍പ്പനയില്‍ മുന്നിട്ടിരിക്കുന്നത്. ഫോണ്‍ ബുക്ക് ചെയ്തിട്ടും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഫോണിന്‍റെ വില്‍പ്പനയിലെ കുതിച്ചുചാട്ടം ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള ഇന്ത്യക്കാരുടെ അഭിനിവേഷമാണ് കാണിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
81.86 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി ബന്ധത്തോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വണ്‍പ്ലസ്. ബിബികെ ഇലക്ട്രോണിക്‌സിന് കീഴില്‍ ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ എന്നീ നിരവധി ബ്രാന്‍ഡുകളും വലിയ മല്‍സരമാണ് ഇന്ത്യന്‍ വിപണിയില്‍ കാഴ്ച്ചവെക്കുന്നത്.
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്. ചൈനീസ് ഭക്ഷണങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്‍റുകള്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആഹ്വാനം ചെയ്തിരുന്നു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു.