തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലക്ക് സമീപം വനാതിർത്തിയിൽ മൃഗവേട്ടക്കായി സൂക്ഷിച്ച നാടൻ ബോംബ്, പഴമെന്ന് കരുതി കടിച്ച ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു.
കടിച്ചതോടെ നാടൻബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ചെങ്കം മേൽകരിയമംഗലം വനഭാഗത്തോട് ചേർന്ന കമലക്കണ്ണന്റെ മകൻ ദീപക്കിനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് പന്തിന്റെ ആകൃതിയിലുള്ള സ്ഫോടക വസ്തു കണ്ടത്.
ഇതെടുത്ത് കൗതുകത്തോടെ കടിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. താടിക്കും വലതുകൈക്കുമാണ് പരിക്ക്. തിരുവണ്ണാമല ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗവേട്ടസംഘത്തെ പിടികൂടാൻ ചെങ്കം ഡി.എസ്.പി ചിന്നരാജിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു.