India National

ഇന്ത്യ – ചൈന ഉച്ചകോടി ഇന്ന് തുടങ്ങും: അതിർത്തി സുരക്ഷ, കശ്മീര്‍ ചര്‍ച്ചയാവും

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ഇന്ന് തമിഴ്നാട് മഹാബലിപുരത്ത് തുടക്കമാകും. പ്രതിരോധവും അതിർത്തി സുരക്ഷയും പ്രധാന ചർച്ചയായേക്കാവുന്ന കൂടിക്കാഴ്ച നാളെയാണ് നടക്കുക. ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താന് അനുകൂലമായി ചൈനയെടുത്ത നിലപാടും ഉച്ചകോടിയിൽ ചർച്ചയാകും.

ചൈനീസ് പ്രസിഡന്റ് ഷീജിൻപിങ് ഇന്ന് ഉച്ചക്ക് 2.10നാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തുക. തുടർന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ റോഡിന് ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകയേന്തിയ വിദ്യാർത്ഥികളും തമിഴ് വാദ്യമേളങ്ങളും സ്വാഗതമോതും.

വൈകീട്ട് നാലിന് റോഡ് മാർഗം മഹാബലിപുരത്തേയ്ക്ക് തിരിക്കും. ഈ വഴിയിൽ 36 ഇടങ്ങളിൽ കലാപ്രകടനങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് മഹാബലിപുരത്തെ മൂന്ന് പൈതൃക കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സന്ദർശിക്കും. നാനൂറോളം കലാകാരന്മാരും വിദ്യാർത്ഥികളും ഒരുക്കുന്ന കലാവിരുന്നും ഉണ്ടാകും. തുടർന്ന് നടക്കുന്ന അത്താഴ വിരുന്നിലേക്ക് രജനീകാന്ത് ഉൾപ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.

നാളെ രാവിലെ പത്തിന് മഹാബലിപുരത്തെ റിസോർട്ടിലാണ് അനൗദ്യോഗിക കൂടിക്കാഴ്ച നടക്കുക. തുടർന്ന് പ്രതിനിധി ചർച്ചയും ഉണ്ടാകും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷീ ജിൻ പിങ് മടങ്ങും. ഞായറാഴ്ചയാണ് ഉച്ചകോടി സമാപിക്കുക.