സംഭവം വിവാദമായതോടെ വിഷയത്തില്‍ കർണാടക സർക്കാർ ക്ഷമ ചോദിച്ചു
കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിയിലേക്ക് വലിച്ചിടുന്ന വീഡിയോ പുറത്ത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ എട്ട് മൃതശരീരങ്ങള്‍ ഒരുമിച്ച് ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞ് കുഴിച്ചുമൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പിപിഇ കിറ്റു ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് ദൃശ്യങ്ങളിലുള്ളത്. ജെ.സി.ബി. ഉപയോഗിച്ചുനിർമിച്ച കുഴിയിലേക്ക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ വലിച്ചിടുന്നതാണ് വീഡിയോയിൽ ഉള്ളത്.
സംഭവം വിവാദമായതോടെ വിഷയത്തില്‍ കർണാടക സർക്കാർ ക്ഷമ ചോദിച്ചു. മൃതദേഹങ്ങൾ കുഴിയിലേക്കു വലിച്ചിട്ട ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങൾ വലിയ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ബല്ലാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ വീഡിയോ ബല്ലാരിയിലേതുതന്നെയാണെന്നും കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ മറവുചെയ്യുന്നതിന്റേതാണെന്നും കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മിഷണർ എസ്.എസ്. നകുൽ പറഞ്ഞു.
ആരോഗ്യപ്രവർത്തകർ പ്രോട്ടോകോൾ പാലിച്ചിരുന്നെങ്കിലും മൃതദേഹങ്ങൾ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മൃതദേഹങ്ങൾ അനാദരവോടെ മറവുചെയ്ത സംഘത്തെ പൂർണമായി പിരിച്ചുവിട്ടെന്നും പുതിയ സംഘത്തെ നിയോഗിക്കുമെന്നും എസ്.എസ്. നകുൽ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കുടുംബാംഗങ്ങളോടും ബല്ലാരിയിലെ ജനങ്ങളോടും മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും സംഭവത്തെ അപലപിച്ചു. മൃതദേഹം അനാദരവോടെ മറവുചെയ്ത ജീനക്കാരുടെ പെരുമാറ്റം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ‘ട്വീറ്റ്’ചെയ്തു.
അതേസമയം, തിങ്കളാഴ്ചമാത്രം ജില്ലയിൽ എട്ടുപേർ കോവിഡ് ബാധിച്ച് മരിച്ചതിനാൽ ശവസംസ്കാരം എത്രയും വേഗത്തിൽ നടത്തേണ്ടതുണ്ടായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നല്‍കുന്ന വിശദീകരണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിൽ സംസ്കരിക്കുന്നതിനെതിരേ പലഭാഗങ്ങളിൽനിന്ന് എതിർപ്പുയരുന്നുണ്ടെന്നും കഴിഞ്ഞയാഴ്ച മൃതദേഹം ബല്ലാരി സിറ്റിയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് ജി. സോമശേഖർ റെഡ്ഡി എം.എൽ.എ. ഉൾപ്പെടെയുള്ളവർ സമരമിരുന്ന കാര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ജില്ലയിൽ തിങ്കളാഴ്ച വരെ 23 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ 12 മരണവും ഞായറാഴ്ചയും തിങ്കളാഴ്ചയുമായിട്ടാണ് സംഭവിച്ചത്. കോവിഡ് ബാധിച്ച് കൂടുതൽ പേർ ഒന്നിച്ചു മരിക്കുമ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വെല്ലുവിളിയാവുകയാണ്.