യുപി ഉന്നാവിലെ ബുക്സറിൽ ഗംഗാ നദീതടത്തിൽ സംസ്കരിച്ച മൃതദേഹങ്ങൾ മണ്ണൊലിപ്പിനെ തുടർന്ന് നദിയിലൂടെ ഒഴുകിനടക്കുന്നു. ശ്മശാനത്തിലെ സ്ഥല പരിമിതിയെ തുടർന്നാണ് മൃതദേഹങ്ങൾ നദീ തടത്തിൽ സംസ്കരിച്ചത്. മൃതദേഹങ്ങളിൽ ചിലത് കോവിഡ് രോഗികളുടേതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നദിയിലെ ജലനിരപ്പ് 40-45 സെന്‍റിമീറ്ററോളം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തീരത്തെ മണ്ണിടിഞ്ഞിരുന്നു. ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കാതിരുന്ന മൃതദേഹങ്ങളിൽ ചിലത് ഇതോടെ ജലോപരിതലത്തിലേക്ക് എത്തുകയായിരുന്നു.
ബിഗാപൂരിലെ ബുക്സാർ ശ്മശാനത്തിലെ സ്ഥലപരിമിതി മൂലം ഈ മാസം ആദ്യം നൂറ് കണക്കിന് മൃതദേഹങ്ങള്‍ നദിതീരത്തെ മണലില്‍ അടക്കം ചെയ്തിരുന്നു. ഈ പ്രദേശത്ത് നായകളും കന്നുകാലികളും അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാല്‍ വലിയ തോതില്‍ അണുബാധക്കും സാധ്യതയുണ്ട്. ഓരോ മണിക്കൂറിലും മൂന്നോ നാലോ മൃതദേഹങ്ങൾ നദിയുടെ മറുവശത്ത് നിന്ന് പൊങ്ങിക്കിടക്കുന്നതായി പ്രദേശവാസിയായ രാവികാന്ത് പട്ടേല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. സംഭവമറിഞ്ഞ് അധികൃതര്‍ ആരും എത്തിയില്ലെന്നും ജില്ലാ ഭരണകൂടത്തിന്‍റെ അലംഭാവമാണ് ഇതിന് കാരണമെന്നും മറ്റൊരു താമസക്കാരനായ സുശീല്‍ കുമാര്‍ ആരോപിച്ചു.