India

19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ കേസ്, പ്രതികള്‍ ഒളിവില്‍

മധ്യപ്രദേശിലെ ഷഹ്ദോലില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന് ഇതുവരെയും അക്രമികളെ പിടികൂടാനായിട്ടില്ല.

യുവതിയെ ഫെബ്രുവരി 18 മുതലാണ് വീട്ടില്‍ നിന്നും കാണാതാകുന്നത്. ഫെബ്രുവരി 21ന് യുവതിയെ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയും ചെയ്തു. തന്നെ കാറില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ജെയ്ത്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫാം ഹൌസില്‍ കൊണ്ടുപോയി അക്രമികള്‍ യുവതിയെ രണ്ട് ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ബി.ജെ.പി ജെയ്ത്പൂര്‍ മണ്ഡല്‍ ചീഫ് വിജയ് ത്രിപാതിയും ഉണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞതായി എ.എസ്.പി മുകേഷ് വൈഷ് വ്യക്തമാക്കി.

35നും 40നും ഇടയില്‍ പ്രായമുള്ള രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്. അതേസമയം ബി.ജെ.പി നേതാവ് വിജയ് ത്രിപാദിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കമല്‍ പ്രതാപ് സിംഗ് അറിയിച്ചു.