ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് രണ്ടു മാസം പിന്നിടുന്നതിനിടെ സംസ്ഥാനത്ത് വൈകാതെ ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ജമ്മു കശ്മീർ ബി.ജെ.പി തലവന്‍ രവീന്ദർ റെയ്‌ന ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“ജമ്മു കശ്മീർ ഒന്നാണ്. ബി.ജെ.പി പ്രസിഡന്റ് എന്ന നിലയിൽ ഇവിടെ ഒരു ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. അതും വളരെ പെട്ടന്ന് തന്നെ.” – റെയ്ന പറഞ്ഞു. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി മുഖ്യമന്ത്രിമാരെ ജമ്മു കശ്മീര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. 2015 മുതൽ 2018 വരെ മൂന്ന് വർഷം സംസ്ഥാനത്ത് പി.ഡി.പിയുമായി ബി.ജെ.പി അധികാരം പങ്കിടുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി കസേര മാത്രം ബി.ജെ.പിക്ക് എന്നും അന്യമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനാൽ ബി.ജെ.പിക്ക് ഇവിടെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കേണ്ടി വന്നിട്ടുമുണ്ട്. ജമ്മു കശ്മീരിലെ നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തെ കുറിച്ച് ചോദിച്ചപ്പോൾ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു റെയ്ന മറുപടി. തിരഞ്ഞെടുപ്പ് സമിതി ഒരു കമ്മീഷനെ നിയോഗിക്കുമെന്നും അത് വിരമിച്ച സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാകുമെന്നും റെയ്‌ന പറഞ്ഞു.