ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണ് ഇത്തവണ പാര്‍ട്ടി നേടിയത്. ബി.ജെ.പിക്ക് മാത്രം 38.47 ശതമാനത്തിന്റെ വോട്ട് സമാഹരിക്കാനായി. എന്‍.ഡി.എക്ക് മൊത്തത്തില്‍ അത് 45 ശതമാനമാണ്. മൂന്നര പതിറ്റാണ്ടായി ക്രമാനുഗതമായി ബി.ജെ.പി വര്‍ധിപ്പിക്കുന്ന വോട്ട് വിഹിതമാണ് ഇത്തവണ റെക്കോഡിലെത്തിയത്. 349 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷമാണ് പതിനേഴാം ലോക്സഭയില്‍ ബി.ജെ.പി നേടിയത്. ബി.ജെ.പി രൂപീകരിച്ച ശേഷം നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ബി.ജെ.പി ഏറെ മുന്നിലായി. 1984ല്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 7.74 ശതമാനം. അന്ന് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 48 ശതമാനം. 1989ല്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 39.59 ആണെങ്കില്‍ ബി.ജെ.പിയുടേത് 11.39. 1991ല്‍ കോണ്‍ഗ്രസ് 35.66 ശതമാനമായപ്പോള്‍ ബി.ജെ.പിയുടേത് 20.24 ശതമാനം.
1996ല്‍ കോണ്‍ഗ്രസിന് 28.8 ശതമാനം. ബി.ജെ.പിക്ക് കിട്ടിയത് 20.29 ശതമാനം. ഓരോ തവണയും വോട്ട് വിഹിതം ബി.ജെ.പി വര്‍ധിപ്പിച്ചു. 2009ല്‍ മാത്രമാണ് ഇതില്‍ നേരിയ കുറവ് ഉണ്ടായത് അന്ന് 28.55 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പി 18 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ കുതിച്ചു കയറ്റമായിരുന്നു. 2014 ല്‍ കിട്ടിയ 31 ശതമാനമാണ് ഇപ്പോള്‍ ബി.ജെ.പി 38.47 ശതമാനം ആക്കി മാറ്റിയത്. വോട്ടിന്റെ അന്തിമഫലംകൂടി വന്നാല്‍ ഇതിലും വര്‍ധനവുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.