മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, ശിവസേന എം.എൽ.എമാരെ കൂട്ടത്തോടെ തങ്ങളുടെ പാളയത്തിലെത്തിക്കാനൊരുങ്ങി ബി.ജെ.പി. മുഖ്യമന്ത്രിപദമടക്കമുള്ള അധികാരസ്ഥാനങ്ങളിൽ 50-50 പങ്കാളിത്തം നൽകാമെന്ന് ബി.ജെ.പി എഴുതിനൽകണമെന്ന ആവശ്യത്തിൽ ശിവസേനാ തലവൻ ഉദ്ധവ് താക്കറെ ഉറച്ചുനിൽക്കുന്നതിനിടെയാണ് സേനാ എം.എൽ.എമാരെ വിലക്കുവാങ്ങാൻ ബി.ജെ.പി ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശിവസേനയുടെ 56 എം.എൾ.എമാരിൽ 45 പേരും തങ്ങൾക്കൊപ്പം നിൽക്കാമെന്ന് ഉറപ്പുനൽകിയതായി ബി.ജെ.പി എം.പി സഞ്ജയ് കാകഡെ പറയുന്നു.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശിവസേന എം.എൽ.എമാർ സർക്കാർ രൂപീകരണത്തിൽ ബി.ജെ.പിക്കൊപ്പം നിൽക്കാമെന്ന് അറിയിച്ചതായി സഞ്ജയ് കാകഡെ അവകാശപ്പെട്ടത്. ‘ശിവസേനയുടെ 6-ൽ 45 എം.എൽ.എമാർ ബി.ജെ.പിക്കൊപ്പം സർക്കാറുണ്ടാക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്. അവർ ഞങ്ങളെ വിളിച്ച് സർക്കാറിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയാണ്. ബി.ജെ.പി സർക്കാറിന്റെ ഭാഗമാവാൻ അവർ എന്തു ചെയ്യാനും തയ്യാറാണ്.’
അതിനിടെ, ബി.ജെ.പിക്കൊപ്പം നിൽക്കാൻ ഉദ്ധവ് താക്കറെ തയ്യാറാകുന്നില്ലെങ്കിൽ പാർട്ടി പിളർന്നേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. 24 എം.എൽ.എമാർ പാർട്ടി പിളർത്തി ബി.ജെ.പിക്ക് പിന്തുണ നൽകുമെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് ഉറപ്പുനൽകിയതു പ്രകാരം ഭരണത്തിൽ 50-50 പങ്കാളിത്തം പാലിക്കണമെന്ന നിലപാടിലാണ് ഉദ്ധവ് താക്കറെ ഉറച്ചുനിൽക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന പക്ഷക്കാരനാണ്. അത്തരമൊരു കരാർ നിലവിലില്ലെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കരാറുണ്ടാക്കിയെന്ന ഉദ്ധവ് താക്കറെയുടെ നിലപാടിനെപ്പറ്റി തനിക്കൊന്നുമറിയില്ലെന്നും ഫഡ്‌നാവിസ് പറയുന്നു.
ഭരണം പങ്കിടുന്ന കാര്യത്തിൽ ഉറപ്പുനൽകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച ബി.ജെ.പിയുമായി നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ഉദ്ധവ് താക്കറെ പിന്മാറിയിരുന്നു. ഫഡ്‌നാവിസും കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറും മുതിർന്ന ബി.ജെ.പി-ശിവസേനാ നേതാക്കളും പങ്കെടുക്കുമെന്ന് കരുതിയിരുന്ന യോഗത്തിൽ സർക്കാർ രൂപീകരണ ചർച്ചകളാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഫഡ്‌നാവിസിന്റെ നിലപാടിൽ പ്രതിഷേധിച്ച് താക്കറെ പിന്മാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് യോഗം ചേർന്ന ബി.ജെ.പി എം.എൽ.എമാർ പുതിയ അസംബ്ലിയിൽ തങ്ങളുടെ പാർലമെന്ററി പാർട്ടി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തന്നെ തെരഞ്ഞെടുത്തു. നാളെ ഉച്ചക്ക് 12 മണിക്ക് ശിവസേന എം.എൽ.എമാരുടെ അടിയന്തര യോഗമുണ്ട്. ഈ യോഗത്തിൽ, സർക്കാർ രൂപീകരണത്തിന് പ്രാധാന്യം നൽകണമെന്ന പൊതുവികാരമുയർത്താൻ ബി.ജെ.പി ചില എം.എൽ.എമാരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. യോഗം കഴിയുന്നതോടെ ചിത്രം തെളിയുമെന്നും ഉദ്ധവ് താക്കറെ വഴങ്ങുമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.