India National

ബിഹാറില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി അനുകൂലികള്‍ മുസ്‍ലിം പള്ളി തകര്‍ത്തു

ബിഹാറിലെ ഈസ്റ്റ് ചമ്പാരനിലെ ജാമുഅയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി അനുകൂലികള്‍ മുസ്‍ലിം പള്ളി തകര്‍ത്തു. മഗരിബ് നമസ്കാരം നിര്‍വ്വഹിക്കുകയായിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി ‘ദ വയര്‍‘ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ ശരീരത്തിന് പിന്നിലേറ്റ പരിക്കിന് പുറമേ തലക്ക് മാരകമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ മൂക്കിനാണ് പരിക്കേറ്റത്. പ്രദേശത്തെ നിരവധി വാഹനങ്ങളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. മുസ്‍ലിം പള്ളിയുടെ മൈക്കും രണ്ട് ഗേറ്റുകളും ആക്രമണത്തില്‍ തകര്‍ന്നു.

മഗ്‍രിബ് നമസ്കാര സമയത്ത് പള്ളിക്ക് നേരെ വ്യാപകമായി കല്ലെറിഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് പള്ളി പരിപാലിക്കുന്ന മസ്ഹര്‍ ആലം ‘ദ വയര്‍’ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. 500ന് മുകളില്‍ ആളുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയം ആഘോഷിക്കുന്ന റാലിയിലുണ്ടായിരുന്നതായും അവര്‍ പള്ളിക്ക് തൊട്ടടുത്ത് എത്തിയതോടെ കല്ലുകള്‍ എറിയുകയും ഗേറ്റുകള്‍ തകര്‍ത്തതായും മസ്‍ഹര്‍ പറഞ്ഞു.

ആക്രമികള്‍ എല്ലാവരും തന്നെ ജയ് ശ്രീറാം മുഴക്കിയതായും, ‘ഈ രാജ്യത്ത് നിന്നും നിങ്ങള്‍ ഇറങ്ങിപോകൂ, ഇത് നിങ്ങളുടെ രാജ്യമല്ല’; എന്ന് ആക്രോശിച്ചതായും മസ്ഹര്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രദേശത്തെ മുസ്‍ലിംകള്‍ ഭയാശങ്കയിലാണ് എന്നും ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം പള്ളിക്ക് സമീപത്ത് കൂടെ വിജയാഹ്ലാദ റാലി പോകുന്നതിനിടെ മഗ്‍രിബ് ബാങ്ക് സമയത്ത് മൈക്കിന്‍റെ ശബ്ദം കുറക്കാന്‍ സമീപത്തെ കടക്കാരന്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ധാക്ക സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അഭയ് കുമാര്‍ പ്രതികരിച്ചു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ഈ പ്രദേശത്തെ ഏറ്റവും പഴയ പള്ളിയാണ് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്.

500ന് മുകളില്‍ ഹിന്ദു കുടുംബങ്ങളും ഇരുപത്തഞ്ചിന് മുകളില്‍ മുസ്‍ലിം കുടുംബങ്ങളും മാത്രം താമസിക്കുന്ന ഇടമാണ് ബിഹാറിലെ ജാമുഅ. ധാക്ക വിദാന്‍ സഭ മണ്ഡലത്തിന് കീഴിലാണ് ജാമുഅ പ്രദേശം വരുന്നത്. ഇവിടെ ബി.ജെ.പിയുടെ പവന്‍ കുമാര്‍ ജയ്സ്വാള്‍ ആണ് വിജയിച്ചിരിക്കുന്നത്.