India

ഗ്രൂപ്പ് പോര്; സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ച

പുതിയ സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ചകൾ. ഒരാഴ്ച കഴിഞ്ഞ് പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ദേശീയ നേതൃത്വം നടത്തുന്നത്. ഇതിനായ് അമിത് ഷാ അടുത്തയാഴ്ച കേരളത്തിലെത്തു.

‌പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതോടെ ഇല്ലാതായ നേതൃത്വ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഗ്രൂപ്പ് പോര് മൂർഛിക്കാത്ത തരത്തില്‍ പരിഹാരത്തിനായിരുന്നു ശ്രമം. പക്ഷേ അധ്യക്ഷ സ്ഥാനത്തിനായ് ചേരിതിരിഞ്ഞ് നിലയുറപ്പിച്ചതോടെ ആർ.എസ്.എസും അഭിപ്രായം പറയാതെ മാറി.

പൗരത്വനിയമ ഭേദഗതിക്ക് എതിരായി സംസ്ഥാനത്ത് സമരം ശക്തിപ്പെടുമ്പോഴും പാർട്ടി നേതൃത്വത്തിന് പ്രതിരോധിക്കാനാവുന്നില്ലെന്ന പരാതി ശക്തമായി. ഇതോടെ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ച് പൗരത്വ നിയമത്തിന് അനുകൂലമായ കാമ്പയിൻ ആരംഭിക്കാനാണ് ശ്രമം. കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, എം.ടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. പത്താം തീയതിക്ക് ശേഷം ജില്ലാ പ്രസിഡൻറുമാരെ പ്രഖ്യാപിച്ച ശേഷം ഉടൻ പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കും. ഇതിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.

ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവരും അടുത്തയാഴ്ച സംസ്ഥാനത്തെത്തും. സംസ്ഥാന നേതാക്കളിൽ നിന്ന് നിർദേശങ്ങൾ കൂടി സ്വീകരിച്ച ശേഷം ഈമാസം പതിനഞ്ചിനകം പ്രഖ്യാപനമുണ്ടാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് പൗരത്വനിയമ പ്രശ്നത്തിൽ അനുകൂല അഭിപ്രായ രൂപീകരണത്തിനാണ് ബി.ജെ.പിയുടെനീക്കം.