India National

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷം; 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ലെന്ന് ശിവസേന

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാകുന്നു. 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിവസേന വ്യക്തമാക്കി. അമിത്ഷായുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും മുമ്പില്‍ വെച്ചാണ് സീറ്റ് സംബന്ധിച്ച തീരുമാമെടുത്തെതെന്നും ശിവസേന എം.പി സഞ്ജയ് രാവത്ത് പറഞ്ഞു. തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് നാസിക്കില്‍ മുഖ്യമന്ത്രിയുടെ മഹാജനദേശ് യാത്രയുടെ സമാപന യോഗത്തെ അഭിസംബോധന ചെയ്യും.

മഹാരാഷ്ട്രയിലെ ആകെ ഉള്ള 288 സീറ്റില്‍ 144 വീതം സീറ്റുകളില്‍ ശിവസേനയും ബി.ജെ.പിയും മത്സരിക്കാമെന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ ഉള്ള ധാരണ. എന്നാല്‍ ഇപ്പോള്‍ തീരുമാനത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറുകയാണെന്നാണ് ശിവസേനയുടെ വിമര്‍ശനം. 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യമുണ്ടാകില്ലെന്ന് തന്നെ ശിവസേന തറപ്പിച്ച് പറഞ്ഞു കഴിഞ്ഞു. സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യം തകരുമെന്ന ശിവസേന മന്ത്രിയുടെ ദിവാകറിന്‍റെ പ്രസ്താവനെയെ പിന്തുണച്ച് എം.പി സഞ്ജയ് റാവത്ത് രംഗത്ത് വന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ശക്തമായി വിമര്‍ശനമുന്നയിച്ചിരുന്ന ശിവസേനയെ നിയമസഭ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഒത്തുതീര്‍പ്പിലെത്തിച്ചത്.

മത്സരിക്കുന്ന സീറ്റുകളിലടക്കം അന്ന് തീരുമാനമെടുത്തിരുന്നു. അതേസമയം കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം ഇതിനോടകം മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി കഴിഞ്ഞു. 125 വീതം സീറ്റുകളില്‍ ഇരു പാര്‍ട്ടികളും മത്സരിക്കാമെന്നും 38 സീറ്റുകളില്‍ ഘടകക്ഷികള്‍ മത്സരിക്കുമെന്നുമാണ് തീരുമാനം. ശിവസേന ബി.ജെ.പി തര്‍ക്കം രൂക്ഷമായതിനിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാസിക്കില്‍ മുഖ്യമന്ത്രി ഫട്നാവിസിന്‍റെ മഹാജനദേശ് യാത്രയുടെ സമാപന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.