India National

ബി.ജെ.പി നേതാക്കളുമായുള്ള ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറി

സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിയുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് ശിവസേന. 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന ഫഡ്നാവിസ് പറയുമ്പോള്‍ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനക്ക് മുന്നറിയിപ്പുമായി ബി.ജെ.പി. 45 സേന എം.എല്‍.എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് ഖാഗഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. സര്‍ക്കാറിനെ അഞ്ചുവര്‍ഷവും നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടില്‍ ശിവസേന ഉറച്ച് നില്‍ക്കുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. ശിവസേനയുടെ സമ്മര്‍ദ്ദ തന്ത്രത്തോടുള്ള ബി.ജെ.പിയുടെ ഔദ്യോഗിക നിലപാട് കൂടിയാണ് ഫഡ്‌നാവിസിന്റെ പ്രതികരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നാളെ ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചോരാനിരിക്കുന്നതിനിടെയാണിത്.