ബിഹാറിലെ പുതിയ മന്ത്രിസഭയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കവുമായി ബിജെപിയും ജെഡിയുവും. അംഗബലത്തിന്റെ കാര്യത്തിലുള്ള മേല്‍കോയ്മ കാട്ടി ഒരു ഘട്ടത്തിലും തന്റെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കരുതെന്ന് നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പുതിയ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ രൂപികരിക്കാനാണ് ബിജെപി ശ്രമം. ഇതിനുള്ള താത്പര്യം ബിജെപി നിതീഷ് കുമാറിനെ അറിയിച്ചു. സീറ്റ് എണ്ണത്തിലുള്ള വ്യത്യാസം നിതീഷ് സര്‍ക്കാരിനെ ബാധിക്കില്ല എന്നാണ് ബിജെപി വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ ചിരാഗ് പാസ്വാനോട് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് നിതീഷ് കുമാര്‍. നിതിഷിനെ അനുനയിപ്പിക്കാന്‍ ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. മന്ത്രിസ്ഥാനങ്ങളുടെ വീതം വയ്പ്പും വകുപ്പ് വിഭജനവും അടക്കമുള്ള കാര്യങ്ങളില്‍ നിതീഷ് ചില വ്യവസ്ഥകള്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇത് അംഗികരിക്കുന്ന മുറയ്ക്ക് എന്‍ഡിഎ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും.
അതേസമയം പ്രതിപക്ഷ സഖ്യം 19 മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് സുപ്രിംകോടതിയെ സമീപിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു. കോണ്‍ഗ്രസും ഘടക കക്ഷികളും തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്ന വാദത്തില്‍ ഉറച്ച് നില്ക്കുകയാണ്. ഇക്കാര്യത്തിലെ ഹര്‍ജി നാളെ സുപ്രിം കോടതിയില്‍ എത്തും.