2021 ലെ തമിഴ്നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന താരത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിന്തുണ തേടാനുള്ള ബി.ജെ.പി നീക്കം.
എ.ഐ.എ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യം ശക്തമാണെന്നും തമിഴ്നാടിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സി.ടി രവി പ്രതികരിച്ചു. തമിഴ്നാട്ടില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ പങ്കാളിയാണ് എ.ഐ.എ.ഡി.എം.കെ, സ്വാഭാവികമായും മുഖ്യമന്ത്രി ആ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ.പളനിസ്വാമിയെ എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്കു നല്കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ടെന്നും ജനങ്ങളെ സേവിക്കുമെന്നും താരം പറഞ്ഞിരുന്നു. ആരോഗ്യ കാരണങ്ങളാലായിരുന്നു രജനിയുടെ പിന്മാറ്റം.