India National

കേരളത്തില്‍ 120 പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍‍ കൊന്നെന്ന് അമിത് ഷാ

രാഷ്​ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തിലെ 120 ബി.ജെ.പി-ആർ.എസ്.എസ്​ പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍‍ കൊന്നെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം. ഇത് സഭയില്‍ വലിയ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷ വീഴ്ചയെയും എസ്.പി.ജി സുരക്ഷ ഭേദഗതിയെയും എതിര്‍ത്ത്​ പ്രതിപക്ഷം ഇന്ന് രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്.പി.ജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നതെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ ആരോപണം. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് സി.പി.എം അംഗം കെ.കെ. രാഗേഷ് സഭയില്‍ ചോദിച്ചു. ഇതിന് ഇടതുപക്ഷത്തിന്​ രാഷ്​ട്രീയ പകപോക്കൽ ആരോപിക്കാൻ അവകാശമി​ല്ലെന്നായിരുന്നു അമിത്​ ഷായുടെ മറുപടി. കേരളത്തില്‍ 120 ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷമെന്നും കോണ്‍ഗ്രസ് വരുമ്പോഴും സി.പി.എം വരുമ്പോഴും കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വധിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

എന്നാല്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ഇടത് എം.പിമാര്‍ രംഗത്തെത്തി. ഇതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങുകയും ചെയ്തു. പിന്നാലെ അമിത്ഷായുടെ വാക്കുകള്‍ സഭാ രേഖയിലുണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.