India National

ഹൈദരാബാദിൽ ടി.ആർ.എസ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി; ബി.ജെ.പി രണ്ടാമത്

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായില്ല. 56 സീറ്റ് നേടി ഭരണകക്ഷിയായ ടി.ആർ.എസ് ആണ് മുന്നിൽ. 48 സീറ്റ് നേടി ബി.ജെ.പി വൻമുന്നേറ്റം നടത്തി. എം.ഐ.എം.ഐ.എം 44 സീറ്റുകളിലും വിജയിച്ചു.

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ 150 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അമിത്ഷായും യോഗി ആദിത്യനാദുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ പ്രചാരണ രംഗത്തിറക്കി കഠിനാധ്വാനം ചെയ്ത ബിജെപിക്ക് കോർപ്പറേഷൻ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും മുന്നേറ്റം നടത്താനായി. കഴിഞ്ഞ തവണ നാലു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പിയുടെ സീറ്റ് നില 48 ലെത്തി.

കഴിഞ്ഞ തവണ 99 സീറ്റുകള്‍ നേടി ഒറ്റക്ക് ഭരണം പിടിച്ച ടി ആര്‍എസിന് തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷി ടി.ആർ.എസ് തന്നെയാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എം.ഐ.എം കഴിഞ്ഞ തവണ നേടിയ 44 സീറ്റുകളും നിലനിര്‍ത്തി. കോൺഗ്രസിന് രണ്ട് സീറ്റിൽ മാത്രമാണ് വിജയം നേടാനായത്. തെലങ്കാനയില്‍ ആഴ്ചകള്‍ക്ക് മുമ്പ് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയിച്ച ബി.ജെ.പിയുടെ വളര്‍ച്ച വ്യക്തമാക്കുന്നതാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം.

സംസ്ഥാന തെരഞ്ഞെടുപ്പിന്‍റെ വീറും വാശിയുമാണ് പ്രചാരണം രംഗത്ത് പ്രകടമായത്. തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെ തുടർന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഢി നേതൃത്വത്തിന് രാജി സമർപ്പിച്ചു.