India National

യെദ്യൂരപ്പക്കെതിരായ കോഴയാരോപണം; പ്രതികരണവുമായി ബി.ജെ.പി രംഗത്ത്

കോഴ ആരോപണവും തെളിവുകളും നിഷേധിച്ച് യെദ്യൂരപ്പയും ബി.ജെ.പിയും രംഗത്ത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖയുടെ വിശ്വാസ്യത ശിവകുമാറിന് പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.

ആദായ നികുതി വകുപ്പ് ഇതിനകം വ്യാജമാണെന്ന് തെളിയിച്ച രേഖകളാണ് കാരവന്‍ മാഗസിനും കോണ്‍ഗ്രസ്സും പുറത്ത് വിട്ടിരിക്കുന്നത് എന്നായിരുന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദ്യൂരപ്പയുടെ പ്രതികരണം. രേഖ, അതിലെ കൈപ്പട, ഒപ്പ് എല്ലാം വ്യാജമാണ്. വാര്‍ത്ത ആസൂത്രിതമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പിന് ലഭിച്ച ഒരു ഫോട്ടോ കോപ്പി മാത്രമാണ് ഈ ഡയറിക്കുറിപ്പ്. ഇതിന്‍റെ ഒര്‍ജിനല്‍ കൈമാറാനോ വിശ്വാസ്യത ഉറപ്പാക്കാനോ ശിവകുമാര്‍ തയ്യാറായിട്ടില്ല. സത്യമെങ്കില്‍ എന്ത്കൊണ്ട് ശിവകുമാര്‍ ലോകായുക്തയെ സമീപിച്ചില്ലെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

2017 ആഗസ്റ്റ് രണ്ടിന് യദ്യൂരിയപ്പ ഡയറിയുടെ ഫോട്ടോകോപ്പി കണ്ടെത്തിയിരുന്നുവെന്നും ഒര്‍ജിനല്‍ കിട്ടിയില്ലെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.