ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.
ഡൽഹിയിൽ പ്രിയങ്ക ഗാന്ധി താമസിച്ചിരുന്ന ലോധി എസ്റ്റേറ്റ് വീട് ഇനി രാജ്യസഭ എം.പിയും ബി.ജെ.പി മാധ്യമവിഭാഗം തലവനുമായ അനിൽ ബലൂനിക്ക്. ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.
അനില്‍ ബലൂനി ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ വസതി അനുവദിച്ചത്. കാന്‍സര്‍ ചികിത്സയിലുള്ള ബലൂനി ആരോഗ്യ കാരണങ്ങളാല്‍ മെച്ചപ്പെട്ട ഒരു വസതിക്ക് അപേക്ഷിക്കുകയായിരുന്നുവെന്നാണ് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം ഉദ്യോഗസ്ഥര്‍ അനൌദ്യോഗികമായി നല്‍കുന്ന വിവരം.
എസ്.പി.ജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തിലാണ് പ്രിയങ്കയോട് വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആഗസ്ത് ഒന്നിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നാണ് അറിയിച്ചത്.
എസ്.പി.ജി വിഭാഗത്തിലുള്ളവർക്ക് കേന്ദ്ര സർക്കാർ താമസസൗകര്യം അനുവദിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് 1997 മുതൽ പ്രിയങ്ക ഗാന്ധി ലോധി എസ്റ്റേറ്റിലെ വസതിയിൽ താമസിക്കുന്നത്. കഴിഞ്ഞ നവംബറിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
നിലവിൽ ഇസഡ് പ്ലസ് സുരക്ഷയാണ് പ്രിയങ്കക്കുള്ളത്. സി.ആര്‍.പി.എഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാരിന്‍റെ ബംഗ്ലാവ് ഉപയോഗിക്കാന്‍ വകുപ്പില്ലെന്നാണ് ഭവന കാര്യ മന്ത്രാലയം അറിയിച്ചത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൌവിലാണ് പ്രിയങ്കയുടെ പുതിയ വസതിയെന്നാണ് റിപ്പോർട്ടുകൾ.