വിവാദ പ്രസ്താവനകളിലൂടെ സ്വന്തം പാര്‍ട്ടിയെ തന്നെ പലപ്പോഴും വെട്ടിലാക്കിയിട്ടുള്ള ബി.ജെ.പി നേതാവാണ് സാധ്വി പ്രജ്ഞ സിങ് താക്കൂര്‍. ഇപ്പോഴിതാ, രാഷ്ട്ര പിതാവായ ഗാന്ധിജിയെ രാഷ്ട്ര പുത്രനെന്ന് വിളിച്ചാണ് പ്രജ്ഞ സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഭോപ്പാലിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രജ്ഞ സിങ് താക്കൂര്‍ മഹാത്മാ ഗാന്ധിയെ രാഷ്ട്ര പുത്രനെന്ന് വിശേഷിപ്പിച്ചത്. ഗാന്ധിജി രാഷ്ട്ര പുത്രനാണെന്നും അദ്ദേഹത്തെ എല്ലായ്പ്പോഴും രാഷ്ട്രം സ്നേഹിക്കേണ്ടതുണ്ടെന്നും ഓർമ്മിക്കപ്പെടേണ്ടതുണ്ടെന്നും പ്രജ്ഞ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നഗരങ്ങളിലുടനീളം ഗാന്ധി സങ്കൽപ് യാത്ര സംഘടിപ്പിച്ചിരുന്നു. അതേസമയം, പ്രജ്ഞ ഈ റാലികളിൽ പങ്കെടുത്തിട്ടില്ല. ഭോപ്പാൽ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നതിനിടെയാണ് മഹാത്മാ ഗാന്ധിയെക്കുറിച്ച് പ്രജ്ഞ വിചിത്ര വിശേഷണം ഉന്നയിച്ചത്. എന്തുകൊണ്ടാണ് ബി.ജെ.പിയുടെ ഗാന്ധി സങ്കൽപ് യാത്രയില്‍ പങ്കെടുക്കാത്തതെന്ന് ചോദിച്ചപ്പോൾ, “ഗാന്ധി രാഷ്ട്ര പുത്രനാണെന്നും, ഞാൻ അദ്ദേഹത്തെ അംഗീകരിക്കുന്നുവെന്നും, ഇതില്‍ പേരില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും” പ്രജ്ഞ പറഞ്ഞു. “മഹാത്മാ ഗാന്ധി കാണിച്ചുതന്ന പാതയിലൂടെ ഞാൻ എന്നും നടക്കും. രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ എന്നും ഞങ്ങള്‍ അംഗീകരിക്കും. അവരുടെ കാൽപ്പാടുകള്‍ പിന്തുടരുകയും ചെയ്യും- എന്നും പ്രജ്ഞ കൂട്ടിച്ചേർത്തു. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാൽ സീറ്റിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രജ്ഞ, ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗോഡ്സെയെ ദേശസ്നേഹി എന്നാണ് പ്രജ്ഞ വിശേഷിപ്പിച്ചത്. ഇതേത്തുടര്‍ന്ന് പ്രജ്ഞയോട് ബി.ജെ.പി വിശദീകരണം ചോദിച്ചിരുന്നു.