India National

ആ മൂന്ന് പേരെ ക്വാറന്‍റൈനിലാക്കണം: വിവാദ പരാമര്‍ശവുമായി ബിജെപി എംപി

രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് പര്‍വേഷ് വെര്‍മ

സോണിയ ഗാന്ധിയെയും രാഹില്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി എംപി പര്‍വേഷ് വെര്‍മ. 50 വർഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂന്ന് പേരെ കോവിഡ് വ്യാപനം തീരുന്നത് വരെ ക്വാറന്റൈനിലാക്കണം എന്നാണ് എംപി പറഞ്ഞത്.

“ഇതൊരു അടിയന്തരഘട്ടമാണ്. പക്ഷേ ഒരു കുടുംബമുണ്ട്. 50 വർഷം ഭരണത്തിലിരുന്നവർ. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് കൊറോണ ഭീതി തീരും വരെ ആ മൂന്നു പേരെയും ക്വാറന്റൈനിലാക്കണം”- പർവേശ് വെർമ പറഞ്ഞു.

കോവിഡ് വ്യാപനം നേരിടാന്‍ മോദി സര്‍ക്കാരെടുത്ത നടപടികള്‍ ആസൂത്രണമില്ലാതെയാണെന്ന വിമര്‍ശനം സോണിയ ഗാന്ധി ഉന്നയിച്ചിരുന്നു. അപ്രായോ​ഗിക ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും സോണിയ ആരോപിച്ചു. അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകൾക്ക് അനുമതി നൽകാത്തതിന്റെ പേരിൽ പ്രിയങ്ക-യോഗി ആദിത്യനാഥ് പോര് രൂക്ഷമായി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവരില്‍ നിന്ന് നേരിട്ട കേട്ട രാഹുല്‍, കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തുന്നില്ലെന്നും വിമര്‍ശനം ഉന്നയിച്ചു. പിന്നാലെയാണ് മൂവരെയും ക്വാറന്‍റൈന്‍ ചെയ്യണമെന്ന എംപിയുടെ പരാമര്‍ശം.uya