തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” മമത ബാനർജി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ ഈയടുത്ത് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പുരുലിയയിലെ ആദിവാസി സമൂഹത്തെ കപട വാഗ്‌ദാനങ്ങൾ നൽകി ബി.ജെ.പി വഴിതിരിച്ചു വിടുകയാണെന്നും മമത ആരോപിച്ചു.