കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ ഉറങ്ങി യെദ്യൂരപ്പയും പ്രതിപക്ഷ എം.എല്‍.എമാരും. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസവോട്ട് നടത്താതെ കുമാരസ്വാമി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുകയാണെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് കാണിച്ച് ഗവര്‍ണര്‍ വാജുബായി വാല മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്.
ബി.ജെ.പി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് വിശ്വാസവോട്ട് നടത്തണമെന്ന് കാണിച്ച് കത്തുനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. ഭരണപക്ഷത്ത് 98 അംഗങ്ങള്‍ മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിപക്ഷത്ത് 105 അംഗങ്ങളുണ്ടായിരുന്നുവെന്നുമാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ പറഞ്ഞത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി രാജിവെച്ച് പുറത്തുപോവുകയാണ് വേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.
ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസവോട്ട് നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ ശ്രമമെന്നാണ് ബി.ജെ.പി ആരോപണം.അവിശ്വാസ പ്രമേച ചര്‍ച്ചക്കിടെ സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കും. ഈ പ്രസംഗത്തിന് സമയപരിധിയില്ല. ചര്‍ച്ച ഇന്നും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്ക് നീട്ടാനാകും. അങ്ങനെ വന്നാല്‍ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.
വിമത എം.എല്‍.മാരെ സഭയില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന സുപ്രിം കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസും വിശ്വാസവോട്ടെടുപ്പ് നടപടി വേഗത്തിലാക്കണമെന്ന് കാണിച്ച് ബി.ജെ.പിയും ഇന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.