ജമ്മുകശ്മീരിലെ ബന്ദിപോരയിൽ ബിജെപി നേതാവിനെയും പിതാവിനെയും സഹോദരനെയും ഭീകരർ വെടിവച്ചു കൊലപ്പെടുത്തി.
ബിജെപി നേതാവ് വസീം അഹ്മദ് ബാരി, പിതാവ് ബഷീർ അഹ്മദ്, സഹോദരൻ ഉമർ എന്നിവരാണ് കൊല്ലപ്പെട്ടത്. കടയിൽ ഇരിക്കെയാണ് ഭീകരർ വെടിയുതിർത്തത്. ഇവരുടെ കടയിലേക്ക് അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം തുരുതുരെ വെടിയുതിർക്കുകയായിരുന്നു. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
വസീം അഹ്മദ് ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സമയത്ത് ഒപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു. വസീം അഹ്മദിന്റെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.
ബി.ജെ.പി ബന്ദിപോര ജില്ല അധ്യക്ഷനാണ് വാസിം ബാരി. വാസിം ബാരിയുടെ പിതാവ് ബഷീർ അഹ്മദും മുതിർന്ന ബി.ജെ.പി നേതാവായിരുന്നു.