ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.
പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന് കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.
രണ്ടു വർഷം മുമ്പ് അഞ്ച് ഹരിയാന നഗരങ്ങളിലേക്ക് നടന്ന മേയർ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ശേഷമാണ് ബിജെപിക്ക് തിരിച്ചടിയേൽക്കുന്നത്. ഹിസാർ, കർണാൽ, പാനിപ്പത്ത്, റോഹ്തക്, യമുനനഗർ എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചിരുന്നത്.
അംബാലയിൽ ശക്തിറാണി 8084 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് ഇവിടെ നാലാമതായി. ബിജെപിയാണ് രണ്ടാമത്. പഞ്ച്കുളയിൽ ബിജെപിയുടെ കുൽഭൂഷൺ ഗോയൽ കോൺഗ്രസിന്റെ ഉപീന്ദർ കൗറിനെ 2057 വോട്ടിനാണ് തോൽപ്പിച്ചത്. പഞ്ച്കുളയിൽ 1333 നോട്ട വോട്ടുകള്‍ രേഖപ്പെടുത്തി.
കർഷകസമരം നടക്കുന്ന സിംഘുവിന് തൊട്ടടുത്തുള്ള സോനിപത്തിൽ 13818 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ നിഖിൽ മദാൻ ജയിച്ചത്. നിഖിലിന് 72,118 വോട്ടു കിട്ടിയപ്പോൾ ബിജെപിയുടെ ലളിത് ബത്രയ്ക്ക് 58,300 വോട്ടു മാത്രമാണ് ലഭിച്ചത്. സോനിപത്തിലെ ആദ്യ കോൺഗ്രസ് മേയറാണ് നിഖിൽ മദാൻ.