India National

തമിഴ്‍നാട്ടില് ഡല്‍ഹി ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി

പൗരത്വ നിയമഭേദഗതിയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കലാപാഹ്വാനവുമായി ബി.ജെ.പിയുടെ സിഎഎ അനുകൂല റാലി. ഇന്നലെ ചെന്നൈയില്‍ നടത്തിയ റാലിയില്‍ ഡല്‍ഹി ആവര്‍ത്തിയ്ക്കുമോ എന്ന പ്ളെക്കാര്‍ഡാണ് ബി.ജെ.പി ഉയര്‍ത്തിയത്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇന്നലെ ചെന്നൈ നഗരത്തില്‍ ബി.ജെ.പി നടത്തിയ റാലിയ്ക്കിടെയാണ് ഇത്തരം പ്ളെക്കാര്‍ഡുകള്‍ ഉയര്‍ന്നത്. ഡല്‍ഹി കത്തുകയാണ്. അടുത്തത് ചെന്നൈയാണോ. എന്നാണ് പ്ളെക്കാര്‍ഡുകളില്‍ എഴുതിയിരിയ്ക്കുന്നത്. ബി.ജെ.പി നേതാവ് എച്ച്. രാജ, കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ പൊലിസിനെതിരെ അക്രമം കാണിച്ചതാണ് അവിടെ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. ചെന്നൈയിലെ വണ്ണാരപേട്ടില്‍ പൊലിസിനെ കല്ലെറിഞ്ഞാണ് തുടക്കം. ഡല്‍ഹി ഇവിടെയും ആവര്‍ത്തിയ്ക്കപ്പെട്ടേക്കാം എന്ന ഭീഷണിയും രാജയുടെ ഭാഗത്തു നിന്നുണ്ടായി.

കോണ്‍സ്റ്റിറ്റൂഷന്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ചെന്നൈയില്‍ സെമിനാര്‍ നടത്തി. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലെ കടമയും ബുദ്ധിമുട്ടുകളും എന്നതായിരുന്നു വിഷയം. ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. റാം, മുതിര്‍ന്ന അഭിഭാഷക വൈഗൈ എന്നിവരായിരുന്നു വിഷയം അവതരിപ്പിച്ചത്.

ചെന്നൈയിലെ നാലിടങ്ങളില്‍ ശാഹീന്‍ബാഗ് മാതൃകയിലുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. വണ്ണാരപ്പേട്ടിലെയും മണ്ണടിയിലെയും സമരം ഇന്ന് പതിനാറാം ദീവസത്തിലേയ്ക്ക് കടന്നു. പ്രതിപക്ഷത്തിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങളും സമരങ്ങളും തമിഴ്നാട്ടില്‍ എല്ലായിടത്തും നടക്കുന്നുണ്ട്.