India National

നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് കോടികള്‍ തട്ടി; ബി.ജെ.പി ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് കോടികള്‍ തട്ടിയ ബി.ജെ.പി നേതാവിനെതിരെ കേസ്. ബി.ജെ.പി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെയാണ് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വ്യവസായിയായ മഹിപാല്‍ റെഡ്ഢിയുടെ ഭാര്യ പ്രാവര്‍ണ റെഡ്ഢിയുടെ പരാതിയിലാണ് നടപടി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മഹിപാല്‍ റെഡ്ഢിയില്‍ നിന്നും 2.17കോടി രൂപയോളം രൂപ കൈക്കലാക്കിയെന്നാണ് കേസ്. ഫാര്‍മ എക്സൈലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയതെന്നും സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവും പണം തട്ടാന്‍ ഉപയോഗിച്ചിരുന്നു. സംഭവത്തില്‍ ഐ.പി.സി വകുപ്പ് പ്രകാരം വ്യാജ ഒപ്പിടല്‍, വിശ്വാസ വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മുരളീധര റാവുവിനും മറ്റു എട്ട് പേര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.