പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നിരിക്കാമെന്ന സംശയവുമായി ബി.ജെ.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളിൽ അസംബ്ലി ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബി.ജെ.പി മികച്ച വിജയം നേടുമെന്നാണ് ജനങ്ങളും മാധ്യമങ്ങളും പറഞ്ഞിരുന്നതെന്നും തൃണമൂലിന്റെ വിജയം സംശയാസ്പദമാണെന്നും പാർട്ടി ദേശീയ സെക്രട്ടറിലും ബംഗാളിലെ നേതാവുമായ രാഹുൽ സിൻഹ പറഞ്ഞു.
‘തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും നടത്തിപ്പ് സംസ്ഥാന സർക്കാറാണ്. ജയിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് തൃണമൂൽ. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരും’ – സിൻഹ പറഞ്ഞു.
‘വോട്ടിംഗ് യന്ത്രങ്ങളിൽ എന്തും ചെയ്യാൻ കഴിയും. ഭരണകക്ഷി കൃത്രിമം നടത്തിയിട്ടില്ല എന്ന് ഉറപ്പാക്കാൻ കഴിയില്ല.’
രാഹുൽ സിൻഹ, ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട്
‘വോട്ടിംഗ് യന്ത്രങ്ങളിൽ എന്തും ചെയ്യാൻ കഴിയും. ഭരണകക്ഷി കൃത്രിമം നടത്തിയിട്ടില്ല എന്ന് ഉറപ്പാക്കാൻ കഴിയില്ല.’
‘ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാളിയഗഞ്ച്, ഖരഗ്പൂർ സദർ അസംബ്ലി മണ്ഡലങ്ങളിൽ വൻ മാർജിനിലാണ് ബി.ജെ.പി ജയിച്ചത്. കാളിയഗഞ്ചിലും കരിംപൂരിലും 2016-ലേതിനേക്കാൾ വോട്ട് ഞങ്ങൾ നേടുകയും ചെയ്തു. എന്നിട്ടും ഇത്തവണ മൂന്ന് സീറ്റിലും ഞങ്ങൾ തോറ്റു. ഖരഗ്പൂർ സീറ്റ് ആദ്യമായിട്ടാണ് തൃണമൂൽ ജയിക്കുന്നത്. ഇതെല്ലാം സംശയമുണർത്തുന്ന കാര്യങ്ങളാണ്. മാധ്യമങ്ങൾ മുതൽ പൊതുജനങ്ങൾ വരെ പറഞ്ഞിരുന്നത് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്നാണ്.’ – സിൻഹ ആരോപിച്ചു.
കാളിയഗഞ്ചിൽ തൃണമൂലിന്റെ തപൻദേബ് സിൻഹ ബി.ജെ.പിയുടെ ചന്ദ്ര സർക്കാറിനെ 2,414 വോട്ടിനാണ് തോൽപ്പിച്ചത്. കരിംപൂരിൽ തൃണമൂലിന്റെ ബിമലേന്ദു സിൻഹ റോയ് ബി.ജെ.പി വൈസ് പ്രസിഡണ്ട് ജയപ്രകാശ് മജുംദാറിനെ 24,000-ലേറെ വോട്ടിനും ഖരഗ്പൂർ സദറിൽ പ്രദീപ് സർക്കാർ ബി.ജെ.പിയുടെ പ്രേമചന്ദ്ര ഝായെ 20,788 വോട്ടിനും തോൽപ്പിട്ടു.