India National

ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി യോഗം ഇന്ന്; കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി ഇന്ന് യോഗം ചേരും. വാരണാസി കൂടാതെ നരേന്ദ്ര മോദി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കണമോയെന്നതിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും.

സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകളായിരുന്നു ഇതുവരെ ബി.ജെ.പിയുടെ ഊന്നല്‍‌. മഹാരാഷ്ട്രയില്‍ ശിവസേന, തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ, ഉത്തര്‍പ്രദേശില്‍ അപ്നാദള്‍‌ തുടങ്ങി വിവിധ പാര്‍ട്ടികളെ ബി.ജെ.പി ഒപ്പം ചേര്‍ത്തു കഴിഞ്ഞു. ഇതിന് ശേഷമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍‌ണയം പൂര്‍ത്തീകരിക്കുന്നത്. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനത്ത് ഇന്ന്‌ ചേരുന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി യോഗം ആദ്യ ഘട്ട പട്ടികക്കാണ് അന്തിമ രൂപം നല്‍കുക. ആദ്യ മൂന്ന്‌ ഘട്ടങ്ങളില്‍ വോട്ടെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക അന്തിമമാക്കുന്നതിനാണ് മുന്‍ഗണന. മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് എന്നതിനാല്‍ കേരളത്തിലെ പട്ടികയും ഇന്ന് പ്രഖ്യാപിച്ചേക്കും.

തെരഞ്ഞെടുപ്പ്‌ സമിതിയുമായുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയിലെത്തി. പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ആരാണെന്ന് തെരഞ്ഞെടുപ്പ്‌ സമിതി തീരുമാനിക്കും. തൃശൂര്‍ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ്‌ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിലപാട്. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെയും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് വീണ്ടും ജനവിധി തേടണം എന്ന് ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. എന്നാല്‍ 2014ലേതിന് സമാനമായി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കണമോയെന്നതില്‍ സമിതി തീരുമാനം എടുക്കും.‌