ഇന്ത്യയുടെ സാമ്പത്തിക അസമത്വം ചൂണ്ടിക്കാണിച്ച് പുതിയ റിപ്പോർട്ട് പുറത്ത്. രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നർ, 70 ശതമാനം വരുന്ന ജനങ്ങൾക്കുള്ളതിനേക്കാൾ നാലിരട്ടി സമ്പത്ത് കെെവശം വെച്ചിരിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടി. അൻപതാം വേൾഡ് എകണോമിക് ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്) മുന്നോടിയായി മനുഷ്യാവകാശ സംഘടനയായ ഓക്സഫാം ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇന്ത്യയിലെ 953 മില്യൻ ജനങ്ങളുടെ കെെവശമുള്ള സമ്പത്തിന്റെ നാലിരട്ടിയാണ് ഒരു ശതമാനം പേരുടെ കെെവശമുള്ളത്. രാജ്യത്തെ ശതകോടീശ്വരൻമാരുടെ ആകെയുള്ള ആസ്തി, 2018-19 വർഷത്തെ പൊതുബജറ്റിനേക്കാൾ കൂടുതൽ വരുമെന്നും റിപ്പോർട്ട് പറയുന്നു. ലോകത്തിലെ 4.6 ബില്യൻ വരുന്ന 60 ശതമാനം ജനങ്ങളേക്കാൾ കൂടുതൽ വിഭവങ്ങൾ 2,153 വരുന്ന ശതകോടീശ്വരൻമാരുടെ കെെവശമുള്ളതായും റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ 63 ശതകോടീശ്വരൻമാരുടെയും ആകെ ആസ്തി 2018-19 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ബജറ്റ് തുകയായ 24,42,200 കോടി രൂപയേക്കാൾ കൂടുതൽ വരും. സാമ്പത്തിക മേഖലയിലെ ലിംഗ വിവേചനത്തെ പറ്റിയും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.
ഇന്ത്യൻ സ്ത്രീകളുടെ 3.26 ബില്യൻ മണിക്കൂറും പ്രതിഫലമില്ലാത്ത ജോലികൾക്കായണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. 19 ലക്ഷം കോടി രൂപ മൂല്യമുള്ള ജോലികളാണ് രാജ്യത്തെ സ്ത്രീകൾ ചെയ്യുന്നത്. 2019ലെ വിദ്യഭ്യാസ ബജറ്റിനേക്കാൾ (93,000 കോടി) 20 ഇരട്ടിവരും ഇത്. ആഗോള തലത്തിലും ഈ വിവേചനം പ്രകടമാണെന്ന് പറയുന്ന റിപ്പോർട്ട്, ലോകത്തെ 22 അതിസമ്പന്നർ, ആഫ്രിക്കൻ വൻകരയിലുള്ള മുഴുവൻ സ്ത്രീകളേകാൾ ധനികരാണെന്നും ചൂണ്ടിക്കാട്ടുന്നു.