പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുമെന്ന് സൂചന. ഏതു തരത്തിലുള്ള മതപരിവർത്തനവും തടയുന്നതിനുള്ള ബില്ലായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനത്തില്‍ 30 ഓളം ബില്ലുകളാണ് പാസാക്കിയത്. 17ാം ലോക്‌സഭയുടെ ഒന്നാം സെഷനിലാണ് സര്‍ക്കാര്‍ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യു.എ.പി.എ ഭേദഗതി ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍ എന്നിവയടക്കം 30 ബില്ലുകളാണ് പാസാക്കിയെടുത്തത്. 1952 ലെ ലോക്‌സഭയിലെ ആദ്യ സെഷനില്‍ 67 സിറ്റിങുകളിലായി 24 ബില്ലുകള്‍ പാസാക്കിയതിന് ശേഷം ആദ്യമായാണ് ഇത്രയും ബില്ലുകള്‍ ഒരു സെഷനില്‍ പാസാക്കിയെടുക്കുന്നത്.
തുടരെ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മതിയായ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. വിവാദമായ പല ബില്ലുകളും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.