India National

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്, പ്രധാനമന്ത്രിയും പ്രഗ്യയും പങ്കെടുക്കില്ല

ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെയാണ് യോഗം നടക്കുക.

സഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ 13ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രധന വിഷയങ്ങള്‍ ചര്‍ച്ചയാകു൦. കൂടാതെ, പാര്‍ട്ടിക്ക് ക്ഷീണം തട്ടിക്കും വിധം ബിജെപി നേതാക്കള്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും യോഗത്തില്‍ പങ്കെടുക്കില്ല.

ഝാര്‍ഖണ്ഡ്‌ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ റാലികളുടെ തിരക്കിലാണ് പ്രധാനമന്ത്രി. അദ്ദേഹം ഇന്ന് 2 റാലികളില്‍ പങ്കെടുക്കും.

അതേസമയം, വിവാദ പ്രസ്താവനയില്‍ കുടുങ്ങിയ പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും വിലക്കിയിരിയ്ക്കുകയാണ്. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവന അപലപനീയമാണെന്നും പാര്‍ട്ടി അത്തരം ചിന്തകളെ പിന്തുണയ്ക്കുന്നില്ല എന്നും ബിജെപി വര്‍ക്കി൦ഗ് പ്രസിഡന്‍റ് ജെപി നദ്ദ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, അച്ചടക്ക നടപടിയെന്നോണം പാര്‍ലമെന്‍റിന്‍റെ നിലവില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ അവര്‍ ഒരു ചര്‍ച്ചയിലും പങ്കെടുക്കില്ല എന്നും പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേശക സമിതിയില്‍ നിന്നും അവരെ പുറത്താക്കിയാതായും അദ്ദേഹം അറിയിച്ചിരുന്നു.

രാഷ്ട്രപിതാവ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ദേശഭക്തനെന്ന്‍ പ്രകീര്‍ത്തിക്കുകയായിരുന്നു.

ലോകസഭയില്‍ എസ്.പി.ജി ബില്ലിന്‍റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാ സിംഗ് വീണ്ടും തന്‍റെ നിലപാട് ആവര്‍ത്തിച്ചത്. പ്ര​തി​പ​ക്ഷം കടുത്ത പ്ര​തി​ഷേ​ധമുയര്‍ത്തിയതോടെ പാര്‍ട്ടി ദേശീയ നേതൃത്വം നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു.

ലോകസഭ തിരഞ്ഞെടുപ്പ് വേളയിലും പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.

അന്ന് പ്രഗ്യയുടെ പ്രസ്താവനയില്‍ ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രഗ്യയെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.