India National

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സമസ്തിപൂർ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.

റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബിഹാറിൽ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്.

സംഭവത്തിൽ ആർ.പി.എഫ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. പഞ്ചസാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.