India National

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. 15 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് നടക്കുക. വൈകിട്ടോടെ വിവിധ ദേശീയ ചാനലുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വരും.

ശക്തമായ ആരോപണ പ്രത്യാരോപണങ്ങളോടെയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ കടന്ന് പോയത്. തൊഴിലില്ലായ്മ, കോവിഡ് പ്രതിസന്ധി എന്നിവയിൽ ഊന്നിയായിരുന്നു പ്രചരണം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ആരോപങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലേക്ക് എൻ.ഡി.എ മുന്നണി എത്തപ്പെട്ടു. ഇരട്ട എഞ്ചിന്റെ ശക്തിയുള്ള എൻ.ഡി.എ സർക്കാർ ബീഹാറിനെ പുതിയ ഉയരങ്ങളില് എത്തിക്കുമെന്ന വാഗ്ദാനമാണ് പ്രാധാന മന്ത്രി നരേന്ദ്ര മോദി നൽകുന്നത്. 15 വർഷത്തെ ഭരണത്തിന് ശേഷം ക്ഷീണിതനായ നീതീഷ് കുമാറിന് ബീഹാറിന്റെ വികസനം സാധ്യമല്ലെന്നും അഴിമതി ഭരണം അവസാനിപ്പിക്കണമെന്നും, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവും എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാനും പ്രതികരിച്ചു.

പുർണയിൽ നടന്ന അവസാന റാലിയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിതീഷ് കുമാർ വോട്ട് തേടിയത്. നിശബ്ദ പ്രചരണ ദിവസവും നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ജാതി സമവാക്യങ്ങളും അടിയോഴുകുകളും പ്രവചനാതീതമാക്കിയ തെരെഞ്ഞെടുപ്പിൽ ഇരു മുന്നണികളും പ്രതീക്ഷയിലാണ്.