India National

ബിഹാറില്‍ കന്നി സീറ്റ് ഉറപ്പിച്ച് എ.ഐ.എം.ഐ.എം; ബി.ജെ.പി സഖ്യം തകര്‍ന്നടിഞ്ഞു

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ബീഹാറിലെ ജെ.ഡി.യു – ബി.ജെ.പി സഖ്യം വന്‍ തിരിച്ചടി നേരിടുന്നു. അഞ്ച് നിയമസഭാ സീറ്റുകളിൽ നാലെണ്ണത്തിലും ജെ.ഡി.യു – ബി.ജെ.പി സഖ്യം പിന്നിലാണ്. ഇതില്‍ ദാരൌന്ദ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി വിമതന്‍ കരണ്‍ജീത്ത് സിങ് ഏലിയാസ് വ്യാസ് സിങ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.

കിഷങ്കഞ്ച് സീറ്റിലൂടെ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ബീഹാർ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ്. ഇവിടെ എ.ഐ.ഐ.എം സ്ഥാനാര്‍ഥി കമ്രുൽ ഹോഡ വിജയം ഉറപ്പിച്ചു കഴിഞ്ഞു. 70469 വോട്ടുകളുമായാണ് കമ്രുല്‍ ഇവിടെ മുന്നേറുന്നത്. ഇവിടെ ബി.ജെ.പിയുടെ സ്വീറ്റി സിങാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ എം‌.എൽ‌.എ മുഹമ്മദ് ജാവേദ് ലോക്സഭാ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചതോടെയാണ് കിഷൻഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിരോധാഭാസമെന്നു പറയട്ടെ, കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ജാവേദിന്റെ അമ്മ സയീദ ബാനോ മൂന്നാം സ്ഥാനത്താണ്.

സിമ്രി ബക്തിയാർപൂർ നിയോജകമണ്ഡലത്തിൽ ആർ‌.ജെ.ഡിയുടെ സഫർ ആലമാണ് മുന്നിട്ടുനില്‍ക്കുന്നത്. ദാരൌന്ദയിൽ സ്വതന്ത്രനായ കരണ്‍ജീത്ത് സിങ് ഏലിയാസ് വ്യാസ് സിങ് എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ബെൽഹാറിൽ ആർ‌.ജെ.ഡിയുടെ രാംദിയോ യാദവാണ് ലീഡ് ചെയ്യുന്നത്. നാഥ്നഗറില്‍ മാത്രമാണ് ജെ.ഡി.യു സ്ഥാനാര്‍ഥി നേരിയ ലീഡ് നിലനിര്‍ത്തുന്നത്. ഇവിടെ ജെ.ഡി.യു സ്ഥാനാര്‍ഥി ലക്ഷ്മികാന്ത് മണ്ഡല്‍ 45312 വോട്ടുമായി മുന്നേറുമ്പോള്‍ ആര്‍.ജെ.ഡിയുടെ റാബിയ 44012 വോട്ടുമായി തൊട്ടുപിന്നിലുണ്ട്.