India National

കേന്ദ്ര സര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ത്യയെ രക്ഷിക്കൂവെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഈ മാസം 30ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ദേശീയ റാലി നടത്തുമെന്ന് ‌കോണ്‍ഗ്രസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ ഈ മാസം 25 വരെ തുടരും. ഭാരത് ബച്ചാവോ അഥവാ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് റാലി.

ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം.‌ തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. സാമ്പത്തിക മാന്ദ്യം ശക്തമായി തുടരുകയാണ്. രാജ്യത്തെ ബി.ജെ.പി പട്ടിണിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹിരിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല വ്യാജ പ്രചാരണങ്ങളിലൂടെ പ്രതിസന്ധിയില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാംലീലയില്‍ ന‍ടക്കുന്ന റാലിയില്‍ എല്ലാ സംസ്ഥാനനങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ എന്നിവരാണ് ഇന്നത്തെ നേതൃയോഗത്തില്‍ പങ്കെടുത്തത്.