പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജയിൽമോചിതനായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. മോചിതനായ ആസാദിന് നൂറുകണക്കിനാളുകൾ വൻ വരവേൽപാണ് നൽകിയത്. നേരത്തെ അറസ്റ്റ് വരിച്ച ജമാമസ്ജിദിൽ ഇന്നുച്ചക്ക് ജുമുഅഃ നമസ്കാരത്തിന് ശേഷം ആസാദ് വീണ്ടും സന്ദർശനം നടത്തും.
കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ ഏറെ വൈകിയാണ് ആസാദിന് പുറത്തിറങ്ങിയത്. ഒമ്പത് മണിയോടെ പുറത്തിറങ്ങിയ ആസാദിനെ വരവേൽക്കാൻ നൂറുകണക്കിനാളുകൾ കാത്തുനില്‍പ്പുണ്ടായിരുന്നു. ഭീം ആർമി പ്രവർത്തകരുടെ ജയ്ഭീം വിളിയും ഹാരാർപ്പണവും സ്വീകരിച്ച് ആസാദ് പുറത്തേക്ക്. ശേഷം നേരെ ജോർബാഗിലെ കർബല ദർഗലയിലേക്ക്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ആസാദ് മീഡിയവണിനോട്. ശേഷം ജാമിഅഃ മില്ലിയ സർവകലാശാലയിലെ സമര നായിക ആയിശ റന്നയുമായി ഹ്രസ്വ കൂടിക്കാഴ്ച.
യുവ പോരാളിയെന്നാണ് ആയിശ റെന്നയെ ആസാദ് വിശേഷിപ്പിച്ചത്. ആസാദ് മുന്നോട്ട്‌വെക്കുന്ന രാഷ്ട്രീയത്തിന് പിന്തുണ അറിയിക്കാനാണ് എത്തിയതെന്ന് ആയിശ റെന്നയും പറഞ്ഞു. ഏറെ വൈകിയാണെങ്കിലും മോചിതനായ ആസാദിനെ ആദ്യദിനം തന്നെ കാണാനെത്തുകയായിരുന്നു ജാമിഅ മില്ലിയയിലെ സമര നായിക കൂടിയായ മലയാളി വിദ്യാർഥിനി ആയിശ റെന്ന. ആസാദ് ജോർബാഗിലെ കർബല ദർഗയിലെത്തിയപ്പോഴായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലൂടെ ശ്രദ്ധേയയായ ആയിശ റെന്നയെ ചന്ദ്രശേഖർ ആസാദ് വിശേഷിപ്പിച്ചത് യുവ സമര പോരാളിയെന്ന്. ആസാദ് മുന്നോട്ടുവെക്കുന്ന ദലിത് മുസ്ലിം ബഹുജൻ രാഷ്ട്രീയത്തിന് സർവ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്ന് ആയിശ റെന്നയും പ്രതികരിച്ചു. നാളെ നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഇരുവരും ഒരുമിച്ചാകും മാധ്യമങ്ങളെ കാണുക.
ഡിസംബർ 21ന് അറസ്റ്റ് വരിച്ച ജമാമസ്ജിദിൽ ഇന്നത്തെ ജുമുഅ നമസ്കാരത്തിന് ശേഷം ആസാദ് സന്ദർശനം നടത്തും. ശേഷം നാല് മണിക്ക് വാർത്ത സമ്മേളനം. ഇതിന് ശേഷമായിരിക്കും ആസാദ് പൊലീസ് സുരക്ഷയിൽ സഹാറൻപൂരിലേക്ക് തിരിക്കുക.