കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്. വിവിധ കർഷക സംഘടനകൾ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.
പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതൽ അമൃത്സറിൽ ട്രെയിൻ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങിയിരുന്നു.
ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ദേശീയ കർഷക സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാനിലെ ഏഴ് ജില്ലകൾ എന്നിവിടങ്ങളിൽ ഭാരത് ബന്ദ് സമ്പൂ൪ണമാകും എന്നാണ് വിവരം. അതേസമയം മറ്റിടങ്ങളിലെല്ലാം പ്രതിഷേധ സമരങ്ങൾ ആളിക്കത്തും. ക൪ണാടകയിൽ ഈ മാസം 28ന് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദില്ലിയിലും പ്രതിഷേധം അലയടിക്കും. അതേ സമയം ദില്ലിയിലേക്ക് മാർച്ച് നടത്താനുള്ള കർഷകരുടെ നീക്കം മുന്നിൽ കണ്ട് ദില്ലി അതിർത്തികളിൽ പോലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്.