India

ഭാരത് ബന്ദ്: മാര്‍ക്കറ്റുകള്‍ തുറന്നില്ല, പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു

കാർഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വഴി തടഞ്ഞു. മാർക്കറ്റുകൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. മൂന്ന് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബ്, ഡൽഹി, ഹരിയാന, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ഭാരത് ബന്ദ് ബാധിച്ചു. ഡൽഹിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ദേശീയ പാതകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. പശ്ചിമ ബംഗാളിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. രാജസ്ഥാനിലെ ജയ്‌പൂരിൽ കോൺഗ്രസ്‌ – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ട് തടങ്കലിൽ ആക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മഹാരാഷ്ട്രയിൽ ബാങ്കിംഗ് മേഖലയിൽ അടക്കം ബന്ദ് ബാധിച്ചു. തെലങ്കാനയിൽ ഭരണ കക്ഷിയായ ടിആര്‍എസ് റോഡുകൾ ഉപരോധിച്ചു. കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദുഷ്പ്രചാരണങ്ങളിൽ നിന്ന് മാറി നില്‍ക്കണമെന്നും കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇന്നത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തിലുണ്ട്.