India National

‘ബംഗളൂരു ഭീകരകേന്ദ്രം, എന്‍.ഐ.എ ഓഫീസ് അനുവദിക്കണം’; ബി.ജെ.പി എം.പി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി

ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും എന്‍.ഐ.എയുടെ ഓഫീസ് സിറ്റിയില്‍ വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി തേജസ്‍വി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. അസുഖത്തെ തുടർന്ന്​ എയിംസിൽ ചികിത്സയിലായിരുന്ന അമിത് ഷാ മടങ്ങിയെത്തിയതിന് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്.

എന്നാല്‍ തേജസ്‍വിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ബി.ജെ.പി അദ്ദേഹത്തെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അദ്ദേഹം ബംഗളൂരുവിനെ കൊല്ലുകയാണ്, ഇത് ബി.ജെ.പിക്ക് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമിത്ഷായുടെ ഇപ്പോഴത്തെ വസതിയില്‍ അദ്ദേഹത്തെ കൂടിക്കാഴ്ച്ച നടത്തിയെന്ന് തേജസ്‍വി തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. നേരത്തെ ആഗസ്​റ്റ്​ രണ്ടിന്​ അമിത്​ ഷായ്​ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ അദ്ദേഹത്തെ ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിൽ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 14ന്​ ഡോക്​ടർമാരുടെ നിർദേശപ്രകാരം താൻ വീട്ടുനിരീക്ഷണത്തിൽ തുടരുകയാണെന്ന്​ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തിരുന്നു.

ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ആഗസ്​റ്റ്​ 18ന്​ അമിത്​ ഷായെ എയിംസിൽ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 30 വരെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ 31നാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. പിന്നീട്​ അസ്വസ്​ഥതകളെ തുടർന്ന്​ വീണ്ടും എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.