ബംഗാളിലെ ജാദവ്‍പൂര്‍ സര്‍വകലാശാലയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞു. ബിരുദദാന ചടങ്ങിനെത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കാറിനെയാണ് വിദ്യാര്‍ഥികള്‍ തടഞ്ഞത്. ബി.ജെ.പി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. സര്‍വകലാശാലയില്‍ കയറാനാകാതെ ഗവര്‍ണര്‍ കാറിലിരിക്കുകയാണ്.
കരിങ്കൊടിയും പ്ലക്കാര്‍ഡുകളുമായി നിരവധി വിദ്യാര്‍ഥികളാണ് ഗവര്‍ണറെ തടഞ്ഞിരിക്കുന്നത്. ഗവര്‍ണര്‍ ബി.ജെ.പിയുടെ ആക്ടിവിസ്റ്റായിരിക്കുന്നുവെന്നും പിരിഞ്ഞുപോകണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അനുദിനം ശക്തിപ്രാപിക്കുകയാണ്. പലയിടത്തും സമാധാനപരമായ പ്രതിഷേധം തുടരുകയാണ്. ജന്തര്‍മന്തറില്‍ ഇന്നലെ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വേറിട്ട അനുഭവമായി. നിയമം ജനങ്ങളെ രണ്ടായി തിരിക്കുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. നിരവധിയിടങ്ങളില്‍ പോരാട്ടം തുടരുകയാണ്. കേരളത്തിലും വ്യത്യസ്ത സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.