ബംഗാളിൽ ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. ഭരണത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ യോജിച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് കോൺഗ്രസ് വക്താവ് അബ്ദുൽ മന്നാനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ബംഗാളിൽ പാർട്ടിയുടെ അടിത്തറ ദുർബലമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സോണിയാ ഗാന്ധിയുടെ പുതിയ നീക്കം. 2016ലെ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷം സഖ്യനീക്കവുമായി മുന്നോട്ട് പോകാൻ സോണിയാ ഗാന്ധി തീരുമാനിക്കുകയായിരുന്നുവെന്ന് അബ്ദുൽ മന്നാൻ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി ചേർന്ന് മത്സരിക്കാൻ നേരത്തെ സോണിയ ഗാന്ധി അനുമതി തന്നിരുന്നതായി പി.സി.സി അധ്യക്ഷൻ സോമൻ മിത്ര പറഞ്ഞിരുന്നു. തുടർന്ന് മൂന്ന് അസംബ്ലി സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സീറ്റ് ധാരണയാവുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ, 42ൽ 18 സീറ്റ് നേടി വലിയ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. 22 സീറ്റുകളാണ് തൃണമൂൽ നേടിയത്. 2021ലാണ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.