പശ്ചിമ ബംഗാളില്‍ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും ബി.ജെ.പി പ്രാദേശിക നേതാവുമായ സുപ്രഭാത് ഭട്യാപാലാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച ഇയാളുടെ രണ്ട് കൂട്ടാളികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
പശ്ചിമബാംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. 22 കാരിയായ പെണ്‍കുട്ടിയെ ദല്‍ഖോല റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്നലെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു ബി.ജെ.പി.
മകളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയെന്ന ബി.ജെ.പി നേതാവിന്റെ ആരോപണത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും ആരോപണമുയര്‍ന്നു. ഇതേതുടര്‍ന്ന് ലഭ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തു. മൂന്നു ദിവസത്തോളം പ്രതിഷേധക്കാര്‍ സുറി-കത്വ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനിടെ, പ്രതിഷേധക്കാര്‍ കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ എം.എല്‍.എ മുനീറുല്‍ ഇസ്ലാം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുക വരെയുണ്ടായി.
എന്നാല്‍ ബി.ജെ.പി നേതാവിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും പെണ്‍കുട്ടി എവിടെയാണെന്ന വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തര്‍ ദിനാജ്പൂരില്‍ നിന്ന് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഇതോടെ പൊലീസ് ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ സുപ്രഭാത് ഭട്യാപാലിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ പരിചയക്കാരായ രാജു സര്‍ക്കാര്‍, ദീപക് മണ്ഡല് എന്നിവരെ ഉപയോഗിച്ചായിരുന്നു സുപ്രഭാത് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്.
എന്നാല്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. കുടുംബ വഴക്ക് മൂലമോ, രാഷ്ട്രീയ മൈലേജ് കിട്ടുന്നതിനോ വേണ്ടിയാകാം ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.