India National

സി.എ.എയില്‍ മാറ്റം വേണം; പാര്‍ട്ടി വിടുമെന്ന സൂചന നല്‍കി ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റ്

ബി.ജെ.പി പതാക കയ്യില്‍ പിടിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയുടെ ചിത്രം വിവാദമാകുന്നിനിടെ പാര്‍ട്ടി വിടുമെന്ന സൂചനയുമായി നേതാജിയുടെ ചെറുമകനും ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. വിവാദമായ പൗരത്വ നിയമത്തിൽ പാർട്ടി നിലപാട് മാറ്റുന്നില്ലെങ്കിൽ ബി.ജെ.പിയിൽ തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടിവരുമെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. വിവാദമായ പൗരത്വ നിയമത്തെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടായിരുന്നു ചന്ദ്രബോസിന്റെ മുന്നറിയിപ്പ്.

ബി.ജെ.പിയുടെ പതാക കയ്യില്‍ പിടിച്ചുനില്‍ക്കുന്ന നേതാജി പ്രതിമയുടെ ചിത്രം നാദിയ ജില്ലയിൽ നിന്നുള്ളതാണ്. ഇത് ഇപ്പോൾ സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ച് ചന്ദ്രബോസ് പറയുന്നത് ഇങ്ങനെ: ”നേതാജി സുഭാഷ് ചന്ദ്രബോസിന് തീർച്ചയായും ഒരു രാഷ്ട്രീയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പാർട്ടി രാഷ്ട്രീയത്തിന് മുകളിലായിരുന്നു. ഇന്ന് ഒരു രാഷ്ട്രീയ പാർട്ടിയും നേതാജി സുഭാഷ് ചന്ദ്ര ബോസിനെ അർഹിക്കുന്നില്ല. അവർക്ക് നേതാജിയെ സ്വന്തമാക്കാൻ കഴിയില്ല, പക്ഷേ പ്രതിമയുടെ കയ്യില്‍ കൊടി പിടിപ്പിക്കാന്‍ കഴിയുമായിരിക്കും. ഇത് വളരെ അനുചിതമാണ്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് ഉടൻ തന്നെ ഇക്കാര്യം പരിശോധിക്കണം.” പൗരത്വ നിയമത്തിൽ (സി.‌എ‌.എ) രാജ്യത്ത് പടരുന്ന ഭയാന്തരീക്ഷത്തെക്കുറിച്ചും ചന്ദ്ര ബോസ് അടുത്തിടെ ആശങ്ക പങ്കുവെച്ചിരുന്നു.