India National

ബംഗാളില്‍ തൃണമൂല്‍ വിട്ട നേതാക്കള്‍ കൂട്ടത്തോടെ മടങ്ങുന്നു; ബി.ജെ.പി യോഗം ബഹിഷ്‌കരിച്ച് മുകുള്‍ റോയ്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മടങ്ങിപ്പോവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് വിളിച്ച യോഗം ദേശീയ വൈസ് പ്രസിഡന്റും മുന്‍ തൃണമൂല്‍ നേതാവുമായ മുകുള്‍ റോയ് ബഹിഷ്‌കരിച്ചതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ബി.ജെ.പി വിടുമെന്ന പ്രചാരണങ്ങള്‍ ശക്തമാവുമ്പോഴും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മുകുള്‍ റോയ് തയ്യാറായിട്ടില്ല. ബി.ജെ.പിയിലേക്ക് ചേക്കേറിയത് തെറ്റായിപ്പോയെന്ന് മുന്‍ തൃണമൂല്‍ എം.എല്‍.എ പ്രബിര്‍ ഘോഷാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ അമ്മ മരിച്ചപ്പോള്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബന്ദോപാധ്യായ്, എം.എല്‍.എ കാഞ്ചന്‍ മുല്ലിക് എന്നിവര്‍ വിളിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചന സന്ദേശമയച്ചു. എന്നാല്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ മാത്രമാണ് അനുശോചനം അറിയിച്ചത്. അവഗണനയില്‍ നിരാശയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആളുകളെ വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തെ ബംഗാള്‍ അംഗീകരിക്കില്ലെന്ന് മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാന്‍ശു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ആളുകളെ വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തെ ബംഗാള്‍ സ്വീകരിക്കില്ല. ഇക്കാര്യം എനിക്ക് മനസ്സിലായി. രാഷ്ട്രീയത്തില്‍ എന്തും സാധ്യമാണ്’-ഇതായിരുടെ ശുഭ്രാന്‍ശു പറഞ്ഞത്. ശുഭ്രാന്‍ശുവിന്റെ അമ്മയും മുകുള്‍ റോയിയുടെ ഭാര്യയുമായ കൃഷ്ണ റോയ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാന്‍ മമതയുടെ അനന്തരവനും തൃണമൂല്‍ എം.പിയുമായ അഭിഷേക് ബാനര്‍ജി എത്തിയതും രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. മുന്‍ തൃണമൂല്‍ നേതാക്കളുടെ ഘര്‍വാപസി ചര്‍ച്ചകള്‍ സജീവമായതോടെ ബി.ജെ.പി നേതാവായ സുവേന്ദു അധികാരി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി സുവേന്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. 35 ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.