പശ്ചിമബംഗാളിന്റെ പേരില്‍ രാജ്യത്തുടനീളം സഹതാപം പിടിച്ചുപറ്റാന്‍ ബി.ജെ.പി ശ്രമം. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുടനീളം അക്രമം അഴിച്ച് വിടുന്നുവെന്നാരോപിച്ച് ബി.ജെ.പി അവസാനഘട്ടത്തില്‍ വലിയ പ്രചാരണത്തിലേയ്ക്ക് നീങ്ങുകയാണ്. പശ്ചിമബംഗാളിലാണ് തെരഞ്ഞടുപ്പില്‍ ഏറ്റവുമധികം അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചതാണ് പശ്ചിമബംഗാളിലെ തൃണമൂല്‍-ബി.ജെ.പി കായിക പോരാട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം അക്രമം അഴിച്ച് വിട്ട്, എതിരാളികളെ നാമനിര്‍ദ്ദേശ പത്രികപോലും സമര്‍പ്പിക്കാന്‍ അനുവദിക്കാതെ തൃണമൂല്‍ ജനാധിപത്യഹിംസ നടത്തിയത് കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിരുന്നു. ഈ അവസരം മുതലെടുക്കാന്‍ ബി.ജെ.പി ഇറങ്ങിതിരിക്കുകയായിരുന്നു. ജംഗല്‍മഹല്‍ മേഖലയില്‍ ജാര്‍ഖണ്ഡില്‍ നിന്നും വടക്കന്‍ പശ്ചിമബംഗാളില്‍ അസമില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ബി.ജെ.പി പ്രവര്‍ത്തകരുമെത്തി തൃണമൂലിനെ കായികമായി ചെറുക്കാനാരംഭിച്ചു. തെരഞ്ഞെടുപ്പ് അടുത്തതോടെ തൃണമൂലിലെ പ്രമുഖ നേതാക്കളെ ബി.ജെ.പി റാഞ്ചിയതോടെ പരസ്പര പോരാട്ടം നിയന്ത്രാണീതമായി. ബി.ജെ.പി എം.എല്‍.എയും പ്രധാന നേതാവുമായ അര്‍ജുന്‍ സിങ്ങ് ബാരക്പൂരിലും മമനബാനര്‍ജിയുടെ അടുപ്പക്കാരിയായിരുന്ന ഐ.പി.എസ്.ഓഫീസര്‍ ഘട്ടലിലും നിലവിലുള്ള തൃണമൂല്‍ എം.പി സൗമിത്രഖാന്‍ ബിഷ്ണുപൂരിലും നിലവിലുള്ള ബോല്‍പൂര്‍ എം.പി അനുപം ഹസ്ര ജാദവ്പൂരിലും മത്സരിക്കുന്നത് തൃണമൂലിലെ പ്രകോപിപ്പിച്ചു. ഈ മേഖലയിലുടനീളം അക്രമങ്ങള്‍ നടന്നു.
അഞ്ച്, ആറ് ഘട്ടങ്ങളില്‍ വെടിവെയ്പിലേയ്ക്കും ബൂത്ത് പിടിച്ചടക്കിലേയ്ക്കും ബോംബേറിലേയ്ക്കും കൊലപാതകത്തിലേയ്ക്കും അക്രമങ്ങള്‍ വഴിമാറി. മാധ്യമപ്രവര്‍ത്തര്‍ ആക്രമിക്കപ്പെട്ടു. അമിത്ഷായുടേയും ആദിത്യനാഥിന്റേയും റാലികള്‍ തടഞ്ഞത് ബി.ജെ.പിയേയും പ്രകോപിപ്പിച്ചു. പരസ്പര അക്രമത്തിലൂടെ പശ്ചിമബംഗാളിലെ മത്സരം തൃണമൂലും ബി.ജെ.പിയും തമ്മിലാണ് എന്ന പൊതുധാരണ സൃഷ്ടിക്കാന്‍ ബി.ജെ.പിക്കായിട്ടുണ്ട്. തൃണൂമൂല്‍ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്.