India

പീഡനക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോ എന്ന ചോദ്യം : ചീഫ് ജസ്റ്റിസിന് പിന്തുണയുമായി ബാർ കൗൺസിൽ

പീഡന കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച വിഷയത്തിൽ ചീഫ് ജസ്റ്റിസിന് ശക്തമായ പിന്തുണയുമായി ബാർ കൗൺസിൽ. ഒരു കൂട്ടം രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരെന്ന് പറയപ്പെടുന്നവരും സുപ്രീം കോടതി ജഡ്ജിമാർക്കുനേരെ വ്യക്തിപരമായ അക്രമങ്ങൾ നടത്തുകയാണെന്ന് ബാർ കൗൺസിൽ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്വേഷജനകമായ മാധ്യമ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളുണ്ടാകണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു.

തന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നടപടി ചോദ്യം ചെയ്ത് പീഡനകേസ് പ്രതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെയുടെ വിവാദ പരാമർശം. എന്നാൽ ചീഫ് ജസ്റ്റിസിന്റെ പരാമർശം തെളിവുകളും രേഖകളും അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രതി ഇരയായ പെൺകുട്ടിയോട് പ്രായപൂർത്തിയാകുമ്പോൾ കല്യാണം കഴിക്കാമെന്ന് വാക്ക് നൽകിയതായും ഒരു സുപ്രീം കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷയത്തിലെ സാമൂഹിക പ്രവർത്തകരുടെ പ്രതികരണങ്ങൾ ന്യായമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വസ്തുതകൾ പരിശോധിക്കാതെ സുപ്രീം കോടതി പരാമർശങ്ങളെ വിമർശിക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെ നടപടിയെ ബാർ കൗൺസിൽ അധ്യക്ഷൻ മനാൻ കുമാർ മിശ്ര അപലപിച്ചു.